8/19/2010

നിഴല്പക്ഷി

ഒരു നിഴല്പക്ഷിയായ് എന്‍ സ്മൃതിയിലെന്നും
ചിറകടിച്ചുയരുന്നു നീ
ഒരു മാത്ര പോലും മറക്കാന്‍ കഴിയാതെയെന്‍
ഹൃദയത്തിലലിയുന്നു നീ
എന്റെ ഹൃദയത്തിലലിയുന്നു നീ
ആത്മാവെന്‍ മിഴികളിലാണെന്നു ചൊല്ലി നീ
എന്നരികിലായി നിന്നോരു നേരം
അറിയാതെ പോയതല്ലന്നു നിന്നെ ഞാന്‍
ഒരുപാട് സ്നേഹിച്ചിരുന്നു
കൊഴിയുന്ന പകലിനോടാനെനിക്കിഷ്ടം
നീയെന്റെയരികിലുണ്ടെങ്കില്
ഇനിവരും സന്ധ്യയും തെളിയും പ്രഭാതവും
എന്നെനിക്കരുളുന്നു സൗഖ്യം
നിന്റെ മനസ്സിന്റെ ആര്‍ദ്രമാം സൗഖ്യം
എന്നെന്റെ ജീവിതവഴികളിലൊക്കെയും
കാണുന്നു നിന്നെ ഞാന്‍ നിറദീപമായി

7/01/2010

അഭിരാമി

     പകല്‍സ്വപ്നങ്ങളുടെ കൂട്ടുകാരിയായിരുന്നു എന്നും അഭിരാമി. അതുകൊണ്ടു തന്നെയാവണം സംഭവിക്കുന്നതൊക്കെ സ്വപ്‌നങ്ങള്‍ തന്നെയാണെന്ന് കരുതാനവള്‍ ഇഷ്ടപ്പെടുന്നതും ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതൊക്കെ വന്നു ചേര്‍ന്നപ്പോള്‍ അതും ഒരു പകല്‍ സ്വപ്നം മാത്രം എന്നവള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞതും.
     പലപ്പോഴും ആലോചിച്ചിട്ടുണ്ട്; അവള്‍ ജീവിക്കുന്ന ഭൂമി, ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, ശരീരത്തെ നിര്‍മ്മിച്ചിരിക്കുന്ന ധാതുക്കള്‍ ഇവയൊന്നും വ്യത്യാസമല്ലാതിരുന്നിട്ടും അവള്‍ മാത്രമെന്തേ ഇത്രയേറെ പ്രതിസന്ധികളില്‍ പെട്ടുപോയതെന്ന്. തന്റെ പ്രവൃത്തികള്‍ എല്ലാം തന്നെയെന്തേ ഇത്രയേറെ നിസ്സാരവല്‍ക്കരിക്കപ്പെട്ടു പോയതെന്ന്.
    കുട്ടിക്കാലത്ത് അഭിരാമി ഒരു പൂമ്പാറ്റയെ പോലെ ആയിരുന്നു, പുരാതനമായ തറവാട്ടിലെ തൊടിയിലും പറമ്പിലും പാറിപറന്നു നടന്നിരുന്ന ചിത്രശലഭം. ദൈവതുല്യനായ മുത്തച്ഛന്റെ കൈപിടിച്ചു 'തുമ്പീ' എന്ന് നീട്ടി വിളിക്കുന്ന ചെല്ലപേരിന്റെ മാധുര്യം നുകര്‍ന്ന്, പാരമ്പര്യമായി കൈമാറിക്കിട്ടിയ വിഷചികില്സയെക്കുരിച്ചും നിലവറയില്‍ തുളുമ്പുന്ന ഭഗവതിയുടെ ചൈതന്യത്തെക്കുരിച്ചുമുള്ള കഥകള്‍ കേട്ട് വളര്‍ന്ന കുട്ടിക്കാലം. ആരെയും ചതിക്കരുതെന്നും സ്നേഹിച്ചാല്‍ നൂറിരട്ടി തിരിച്ചുകിട്ടുമെന്നും പറഞ്ഞു പഠിപ്പിച്ച മുത്തച്ചന്‍ കൊച്ചുമകള്‍ക്ക് ഗുരുതുല്യന്‍ തന്നെയായിരുന്നു. മുത്തച്ഛന്റെ കൈവിരല്‍ത്തുമ്പില്‍ നിന്നും പിടിവിട്ടുപോയ തുമ്പിയുടെ ജീവിതം പറിച്ചുനടപ്പെട്ട ഒരു ചെടിയുടെ അവസ്ഥയിലായിരുന്നു. വളര്‍ന്നു വരുന്തോറും തുമ്പിയുടെ സങ്കടങ്ങളും വലുതായിക്കൊണ്ടിരുന്നു. എത്ര സംരക്ഷിക്കപ്പെട്ടിട്ടും തന്നെ സ്നേഹിക്കാന്‍ ആരുമില്ലെന്ന ചിന്ത ആ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. അവള്‍ അഭയം തേടിയത് പറമ്പിലെ സര്‍പ്പക്കാവിലെ തണുപ്പിലും ഇരുളിലുമായിരുന്നു, വൃക്ഷതലപ്പുകളുടെ സ്വച്ചതയില്‍ അവള്‍ സുരക്ഷിതയായിരുന്നു. കാവിലെ കല്ലില്‍ തീര്‍ത്ത കറുത്ത സര്‍പ്പരൂപങ്ങളോട് കഥ പറയുന്നതവള്‍ ശീലമാക്കി. അവര്‍ അവളെ സ്വാന്തനിപ്പിക്കുന്നു എന്നവള്‍ക്ക് തോന്നിത്തുടങ്ങി.
     ഒരിക്കല്‍ അമ്മയുടെ ശാസന വന്നു, "കുട്ടിയെ, കാവിലെ കളി മതിയാക്കൂ, നീ വലിയ കുട്ടിയായിരിക്കുന്നു." ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ സര്‍പ്പങ്ങളുടെ ശാപം ഉണ്ടാകുമെന്ന് പറഞ്ഞു പേടിപ്പിച്ചു കളഞ്ഞു. പക്ഷെ അഭിരാമി അറിയുന്നുണ്ടായിരുന്നു കാവിലെ നാഗങ്ങള്‍ക്ക്‌ അവള്‍ പ്രീയപ്പെട്ടതാനെന്നും അവ തന്നെ ശപിക്കില്ല എന്നും.
     പുസ്തകത്താളില്‍ ഒളിപ്പിച്ചുവച്ച മയില്പീളിതുണ്ടുപോലെ പ്രണയത്തിന്റെ മാധുര്യവും അവള്‍ ആസ്വദിച്ചിരുന്നു. തനിക്കുവേണ്ടി മാത്രമാണ് ചിത്രശലഭങ്ങള്‍ പറക്കുന്നതെന്നും നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മുന്നതെന്നും തോന്നിത്തുടങ്ങിയ  കാലം. പൂക്കള്‍ വിടരുന്നതും നിലാവുദിക്കുന്നതും തന്റെ മനസ്സിലാനെന്നവള്‍ക്ക് തോന്നിത്തുടങ്ങിയ കാലം. വഴിവക്കിലെ കൊന്നമരച്ചുവട്ടില്‍ തന്നെയും കാത്തുനില്‍ക്കുന്ന കൂട്ടുകാരനുവേണ്ടി എത്ര ഒരുങ്ങിയാലും മതി വരാതെ കണ്ണാടിയെ പഴിചാരിയ കാലം. പ്രണയത്തിനു മാധുര്യം മാത്രമല്ല, കയ്പ്പും ഉണ്ടെന്ന തിരിച്ചറിവില്‍ കാലം കുറെ കടന്നു പോയി.....
     വിവാഹത്തോടെ അഭിരാമിയുടെ ജീവിതത്തിലെ പരീക്ഷണകാലം തുടങ്ങുകയാണ്. സര്‍വാഭരണവിഭൂഷിതയായി കൊട്ടും കുരവയും നിറദീപങ്ങളും സാക്ഷിയായി കതിര്‍മണ്ടപത്തിലിരിക്കുമ്പോള്‍ അഭിരാമി അറിഞ്ഞിരുന്നില്ല ചതിയുടെ തുടക്കമാണെന്ന്. ആദ്യമവള്‍ പകച്ചുപോയിരുന്നു. ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ അവള്‍ അറിഞ്ഞു തുടങ്ങി, ജീവിതം ഇങ്ങനെ ആവുമെന്ന്. പതിയെ പതിയെ മനസ്സില്‍ നിന്നും സ്വപ്നങ്ങളും മോഹങ്ങളുമോക്കെ മാഞ്ഞുതുടങ്ങിയിരുന്നു. ഒരു ദേശാടനപക്ഷിയായി എവിടെയൊക്കെയോ കൂടുകൂട്ടി നടന്നിരുന്ന ഇണക്കിളിയുടെ മായാജാലങ്ങള്‍ കണ്ടവള്‍ ഒരുപാട് കരഞ്ഞിരുന്നു. അതിനിടയില്‍ എപ്പോഴോ ഒരു പുണ്യം പോലെ രണ്ടു കുഞ്ഞാറ്റ കിളികള്‍ അവള്‍ക്കു സ്വന്തമായി. പിന്നെ ചിരിച്ചും കളിച്ചും മറ്റുള്ളവര്‍ക്കുവേണ്ടി നിലം തൊടാതെ പറക്കുമ്പോഴും ചിറകറ്റു നിലത്തു വീഴുമോ എന്നവള്‍ ഭയപ്പെട്ടിരുന്നു. ഒരിക്കലും സ്വതന്ത്രയായ് പറക്കാന്‍ കഴിയാത്ത വിധം അവളുടെ ചിറകുകള്‍ കൂട്ടി കെട്ടിയിരുന്നു. വിളക്കുകളുടെ ഒരു മാന്ത്രിക വലയം എന്നും അവള്‍ക്കു ചുറ്റും ഉണ്ടായിരുന്നു. സങ്കടങ്ങളുടെ വേലിയേറ്റം മനസ്സില്‍ തന്നെ തളച്ചിടാനായിരുന്നു എന്നും അഭിരാമിക്കിഷ്ടം. അത്രതന്നെ നല്ല സുഹൃത്തുക്കളൊന്നും അവള്‍ക്കു തുണയായി ഉണ്ടായിരുന്നുമില്ല.
     ക്രമേണ പകലിന്റെ വെളിപാടുകള്‍ യാദൃചികം ആണെന്നവള്‍ അറിഞ്ഞിരുന്നു. ഇന്നലെകളുടെ സൂര്യവെളിച്ചത്തില്‍ തെളിഞ്ഞു കണ്ടവ നാളെയുടെ നിഴലുകളില്‍ മാഞ്ഞു പോയേക്കാം. കണ്ണുകള്‍ക്ക്‌ തിളക്കമേരുമ്പോള്‍ നാം ചിലത് കണ്ടില്ലെന്നു നടിക്കും. ഇപ്പോള്‍ മിഴികള്‍ മങ്ങി തുടങ്ങിയിരിക്കുന്നു. നേര്‍ക്കാഴ്ചകള്‍ കൂടികൂടി വരികയാണ്. ശരിയുടേയും തെറ്റിന്റെയും നിര്‍വ്വചനങ്ങള്‍ തേടാന്‍ ഇനി കരുത്തില്ലെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു....
    പിന്നീടൊരിക്കല്‍ ദൈവത്തിന്റെ കരസ്പര്‍ശവുമായി വന്ന ഒരു സൗഹൃദത്തിന്റെ ആഴം തേടി അവള്‍  മുത്തച്ഛന്റെ കഥകളുടെ പിന്നാലെ പോയി. നൂറിരട്ടി തിരികെ പകര്‍ന്നു നല്‍കുന്ന സ്നേഹം. അത് അവള്‍ നെഞ്ചോട്‌ ചേര്‍ത്ത് വച്ചു. മനസ്സിലെന്നും കൊതിച്ചിരുന്ന സംരക്ഷണം, എല്ലാത്തിനുമുപരി സ്നേഹമായ് കൂടെയുണ്ടെന്ന ഒരു സ്വാന്തനം, അതുമാത്രം മതിയായിരുന്നു ആ പഴയ തുമ്പിക്ക്. ജീവിതം ഒരു കാഴ്ച വസ്തുവാക്കാന്‍ വേണ്ടിയല്ല; സന്തോഷവും സങ്കടവും പങ്കുവയ്കാന്‍ ഒരു സൗഹൃദം കൂടെയുന്ടെന്ന ആശ്വാസം അത്രമാത്രം..‍...
     ഇന്നും പകല്‍ സ്വപ്നങ്ങളുടെ കൂട്ടുകാരി തന്നെയാണ് അഭിരാമി. ആത്മാവില്‍ ചേര്‍ത്തുവച്ച്‌ സൗഹൃദത്തിന്റെ  നോവുന്ന സ്പര്‍ശവുമായി സ്നേഹത്തിന്റെ നിറവില്‍ ഒരു കൊച്ചു തുമ്പിയായി, ആകാശപരവയായി അഭിരാമി ഇവിടെത്തന്നെയുണ്ട്......

6/18/2010

മഞ്ഞുതുള്ളി

ഒരു ഉത്സവകാലത്തിന്റെ മുന്നൊരുക്കത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുമായി എന്റെ മനസ്സില്‍ വന്നു നിറഞ്ഞ ഒരു മഞ്ഞു കണമാണ് നീ. എന്റെ ഹൃദയത്തിന്റെ ചൂടിനെ ഏറ്റുവാങ്ങാനെന്നപോലെ ചുട്ടു പൊള്ളുന്ന സങ്കടങ്ങള്‍ക്ക് മേലെ ഒരു നനുത്ത സ്പര്‍ശമായി അലിയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അതിനെ എന്റെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു, എന്റെ മനസ്സിന്റെ ഭിത്തികളില്‍ അത് ലയിച്ചു ചേര്‍ന്നു.....
പെയ്തു തീരാത്ത ഏതോ ഹൃദയ രാഗം പോലെ....
സ്നേഹസ്പര്ശമായിത്തീര്‍ന്നു അവള്‍.....
അവള്‍ ‍സുഖമുള്ളൊരു നൊമ്പരമായി.....
എനിക്ക് തോന്നിത്തുടങ്ങി, വേനലിന്റെ ഊഷരതയില്‍ വിണ്ടു കീറിയ മണ്ണിന്റെ മാറില്‍ പുളകമുണര്‍ത്തുന്ന മഴതുള്ളിയാണ് അവളെന്ന്.....
മഴമേഘങ്ങള്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ചക്രവാളം നീ കാണുന്നില്ലേ, എന്നില്‍ പെയ്തൊഴിയാന്‍.....
എന്റെ ഉള്ളിലെ ഉഷ്ണത്തെ നീറ്റിയെടുത്തു അതിന്‍ മീതെ അവള്‍ ഒഴുകിത്തുടങ്ങിയപ്പോള്‍ തണുപ്പ് ഒരു വിറയലോടെ എന്റെ ശരീരത്തെ പൊതിയാന്‍ തുടങ്ങി.....
സ്നേഹത്തിന്റെ ഊഷ്മളമായ ഒരു പ്രവാഹം എന്നില്‍ നിറച്ചുകൊണ്ട് ഞാന്‍ നെഞ്ചിലേറ്റിയ മഞ്ഞുതുള്ളി, അതിജീവനത്തിന്റെ വഴികള്‍ അവള്‍ എനിക്കായി തുറന്നു തന്നു....
പ്രതീക്ഷയാണ് ജീവിതമെന്നവള്‍ പലവട്ടം പറഞ്ഞു തന്നു.....
സ്നേഹം എനിക്കവള്‍ പകര്‍ന്നു തന്നു......
അവളെന്നെ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ചു.....
ഞാന്‍ അവളോട്‌ പറഞ്ഞു, നീ എന്റെതാണ്.....
അവള്‍ അത് മൂളി കേള്‍ക്കുമായിരുന്നു.....
അവളെ കൂടെ കൂട്ടുക എന്നുള്ളതൊരു മോഹമായിരുന്നു.... അഭിനിവേശമായിരുന്നു....
പക്ഷെ.... ഇന്നുഞാനറിയുന്നു, അവള്‍ എന്റെ അടുത്തില്ലായെന്ന സത്യം..... അതൊരുപക്ഷെ വിധിയായിരുന്നിരിക്കാം.
മടുപ്പിക്കുന്ന ഏകാന്തതകളിലും ഞാന്‍ കാണുന്ന സ്വപ്നങ്ങളിലും മഞ്ഞു പെയ്യുന്ന പുലര്‍കാലയാമങ്ങളിലും ഒരു ചന്ദന സുഗന്ധമായി എന്നില്‍ നിറയുന്നു ആ മഞ്ഞുതുള്ളിയുടെ സുഗന്ധം, വശ്യത.....
സ്വപ്നങ്ങളില്‍ മഞ്ഞുതുള്ളി വീണുടഞ്ഞ എത്രയെത്ര നീലകൂവളപൂക്കള്‍ അവള്‍ക്കായ്‌ കരുതി വച്ചിട്ടുന്ടെന്നോ?
ഒരു കടലോളം സ്നേഹവും മനസ്സില്‍ കരുതി വച്ച് ഒരു പുനര്‍ജന്മത്തിനായി ഞാന്‍ കാത്തിരിക്കയാണ്....
അവളെ, എന്റെ മഞ്ഞുതുള്ളിയെ ഒന്ന് വാരി പുണരാന്‍‍.... എന്റെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാന്‍....

6/09/2010

രാത്രിമഴ

രാത്രി.... കവികള്‍ പാടിപുകഴ്ത്തിയ സുന്ദര പ്രതിഭാസം.
നിലാവും കിനാവും നക്ഷത്രങ്ങളും നിശാഗന്ധിയും മദിപ്പിക്കുന്ന മണമുള്ള പൂക്കളും സ്വന്തമായുള്ള രാത്രി.
രാത്രി എന്നതോന്നില്ലായിരുന്നെങ്കില്‍ സുന്ദരമായ ഈ ഭൂമി എത്ര ഊഷരമാകുമായിരുന്നു.
അവരവരുടെ സ്വന്തമാണ് രാത്രി.
ഒരു പകലിന്റെ ഭാണ്ഡം മുഴുവന്‍ ഇറക്കിവച്ചു ഒന്ന് തല ചായ്ക്കുന്നത്‌ രാത്രിയിലാണ്.
പ്രണയം മൂര്‍ത്തത തേടുന്നതും തലയിണമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നതും രാത്രിയാണ്‌.
ആണിന്റെ നെഞ്ചിടിപ്പിന്റെ താളം ശ്രവിച്ചു അവന്റെ നെഞ്ചില്‍ ചെവിചെര്‍ത്തു പെന്നുരങ്ങുന്നത് രാത്രി അവള്‍ക്കൊപ്പമുല്ലതുകൊണ്ടാണ്.
സമര്‍പ്പണത്തിന്റെ ശാന്തി തീരത്ത് പെണ്ണിന് സുരക്ഷിതത്വം നല്‍കുന്നതും രാത്രിയാണ്.
നിശാഗന്ധിപൂക്കല്‍ക്കുവേണ്ടി നിലാവിന്റെ കാഴ്ച ഒരുക്കുന്നതും പ്രണയപരതനായി ചന്ദ്രബിംബം ആമ്പല്പൂവിനെ തൊട്ടുനര്ത്തുന്നതും രാത്രിയിലാണ്.
നിലാവിന്റെ നീലവെളിച്ചത്തില്‍ ചന്ദ്രിക ഓലത്തുമ്പില്‍ ഒളിച്ചുകളിക്കുന്നതും രാത്രിയുടെ മറപറ്റിയാണ്.
പാരിജാതവും പാലയും പനിനീര്പൂവും മുല്ലയും പിച്ചിയുമൊക്കെ പൂത്തുവിടരുന്നത് രാത്രിയുടെ സ്പര്‍ശം ഉള്ളതുകൊണ്ട് മാത്രാണ്.
ഇനി രാത്രി മഴ കൂടി ആയാലോ?
രാത്രി മഴയുടെ താളവും ശ്രുതിഭേദങ്ങളും ഏറ്റുവാങ്ങി നിദ്രയുടെ മടിയില്‍ തല ചായ്ക്കുന്നത്‌ അനുഭൂതി തന്നെയാണ്.
രാത്രിമഴയും ശീതക്കാറ്റും ചേര്‍ന്നൊരുക്കുന്ന കാല്‍പ്പനികതയുടെ അന്തരീക്ഷം ആരെയാണ് തരളിതമാക്കാത്തത്.
കാലത്തിന്റെ പാച്ചിലിനിടയില്‍ നമുക്ക് നഷ്ടമായ രാത്രി കാഴ്ചകള്‍ നമുക്കൊരുപാടുണ്ട്.
വിശാലമായ മണല്‍പ്പരപ്പില്‍ കിടന്നുകൊണ്ട് നക്ഷത്രങ്ങളെ എണ്ണാനും മേഖചിറകില്‍ യാത്രയാകുന്ന ചന്ദ്രനെ നോക്കിയിരിക്കാനും നമുക്കിന്നു കഴിയാതെ  പോകുന്നു.
നനുത്ത കാറ്റ് എന്റെ മുഖം മെല്ലെ തലോടി കടന്നു പോയി, ഇന്ന് മഴ പെയ്യും.
നാളത്തെ പകല്‍ തെളിഞ്ഞ ആകാശത്തിന്റെതാവും.......എന്റെ മനസ്സും......
എന്റെ രാത്രിക്കായി ഞാനെന്നും കാത്തിരിക്കാറുണ്ട്.       

എന്റെ പ്രണയിനിക്കായി

ആകാശത്തിലെ നക്ഷത്രങ്ങലോടെല്ലാം ഞാന്‍ നിന്നെ കാണുന്നുണ്ടോ എന്ന് ചോദിച്ചു
പക്ഷെ അവയ്കൊന്നും നിന്നെ അറിയില്ലായിരുന്നു.
ആ നക്ഷത്രങ്ങളെല്ലാം തിരിച്ചെന്നോട് ചോദിച്ചു, നിനക്കവളെ അത്രക്കിഷ്ടമാണോ എന്ന്.
ഞാന്‍ പറഞ്ഞു എത്ര എന്നിയാലും തീരാത്ത നിങ്ങളുടെ എണ്ണം എത്രയാണോ അത്രയും രാത്രിയും പകലും ഒന്നിച്ചു സ്നേഹിച്ചാലും മതിവരാത്തതെന്താണോ അതാന്നെനിക്കവലെന്നും, ഈ ഭൂമിയില്‍ എത്രമാത്രം മണല്‍ തരികലുണ്ടോ അത്രതന്നെ നിമിഷങ്ങള്‍ ഒന്നിച്ചിരുന്നാലും എനിക്ക് മതിയാവില്ല അവളുടെ സാമീപ്യമെന്നും.
എത്രയോ തവണ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടെന്നോ, എന്റെ ഹൃദയത്തില്‍ അവളുടെ സ്നേഹവും അവളുടെ ഹൃദയത്തില്‍ എന്റെ സ്നേഹവും ആവോളം പകര്‍ന്നു നല്‍കണേ എന്ന്.
നക്ഷത്രങ്ങളെ, നിങ്ങളെല്ലാവരും കൂടി എനിക്കവളെ തന്നാല്‍.........
ഈ ഭൂമിയില്‍ നിന്ന് നിങ്ങളിലേക്കുള്ള ദൂരമെത്രയോ അത്രയും നാളുകള്‍ ഞാനവള്‍ക്കായി കാത്തുവയ്ക്കം,  അവള്‍ക്കുവേണ്ടി ഒരായുഷ്കാലമാത്രയും സൂക്ഷിക്കാം, അനുഭൂതിപകര്‍ന്നു ഹൃദയത്തില്‍ എന്നും നിലനിര്‍ത്താം,
മഞ്ഞുതുള്ളിയുടെ വിശുദ്ധിയുള്ള, അമൃതിനേക്കാള്‍ മാധുര്യമുള്ള ഒരു നുള്ള് സ്നേഹം.......
ഒന്ന് നുകര്‍ന്നാല്‍ ഒരു സാഗരമായി അവളില്‍ പെയ്തിറങ്ങുന്ന സ്നേഹം......
ഒരായുസ്സ് മുഴുവന്‍ നെഞ്ചില്‍ ചേര്‍ത്തുവച്ചു സ്നേഹിക്കാന്‍ എനിക്കുവേണം അവളെ......
നക്ഷത്രങ്ങളെ, കണ്ടാല്‍ പറയുമോ അവളോട്‌ എന്നെക്കുറിച്ച്.........

മാമ്പഴക്കാലം

നാട്ടുമാവിന്‍ ചുവട്ടിലാണ് പഴയ ബാല്യം ഒത്തുചേരുന്നത്. പ്ലാവിലകൊണ്ട് വീടോരുക്കിയും അച്ഛനും അമ്മയും രാജാവും റാണിയും ഒക്കെയായി കുട്ടികളുടെ ഒരു പൂരക്കാലം. പരീക്ഷചൂടിന്റെ വിരസതയകട്ടന്‍ ഇടക്കെപ്പോഴൊക്കെയോ കാറ്റില്‍ ആലിപ്പഴം പോലെ മാമ്പഴങ്ങള്‍ വീഴുന്നു. കൊതിയാവുന്നു ഒരിക്കല്‍ക്കൂടി ഒന്നാര്തുല്ലസിക്കാന്‍.... പഴയ ആ കളികൂട്ടുകരെ വീണ്ടും ഒരിക്കല്‍ കൂടി കാണാന്‍.......
പഴയ നാടക ഗാനങ്ങളും സിനിമ ഗാനങ്ങളും ഗൃഹാതുരതയുമാണ് ഇന്നത്തെ മാമ്പഴക്കാലം. പ്രണയത്തോടൊപ്പം ചേര്‍ത്തുവച്ച മാമ്പൂമണമുള്ള എന്റെ പകലുകള്‍ ഒരു കവിതപോലെ എന്റെ മനസ്സിനെ ആര്ദ്രമാക്കുന്നു. ഉപേക്ഷിക്കപ്പെട്ട സ്നേഹത്തിന്റെ മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും. എല്ലാം ക്രമേണ മരവിയിലാണ്ടുപോകും. പണ്ടൊരു പൂങ്കുല പരിച്ചതിനു ഉണ്ണിയെ ശിക്ഷിച്ച അമ്മയുടെ സങ്കടം അന്നുമെന്റെ മനസ്സിന്റെ വിങ്ങലായിരുന്നു. പിന്നെ പിന്നെ ഞാനും ആ വേദന മറന്നു പോയി.
എത്രയോ മൂകാനുരാഗങ്ങളുടെ നിഴല്‍ചിത്രങ്ങലോരുക്കിയിരുന്നു നമ്മുടെ നാട്ടുമാവിന്‍ ചുവടുകള്‍. ഇന്ന് ശരീരവും മനസ്സും തളര്‍ത്തുന്ന അകവും പുറവും ഒന്നിച്ചു പഴുക്കുന്ന വേനലരുതിയില്‍ മഴ മണക്കുന്ന കാറ്റിന്റെ ആ പഴയ തലോടലിനു ആരും മോഹിച്ചു പോകും, അകം കുളിര്‍ക്കുന്ന ഒരു കവിലോരം മാമ്പഴചാരിനു ആരാണ് മോഹിക്കാത്തത്............

6/08/2010

ഒരു പ്രണയകാലത്തിന്റെ ഓര്‍മ്മക്കായ്‌

മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ വാരി വിതറിയെന്‍
ഹൃദയം നിറച്ചൊരീ പ്രനയവസന്തതിന്‍
അഴകിന്റെ പീലി വിടര്തിയാടുന്ന്നു ഞാന്‍
മഴമേഖം മുന്നില്‍ തെളിഞ്ഞ പോലെ
ഇരുളിന്റെ മേലാപ്പില്‍ സൂര്യതെജസ്സിന്റെ
പൊന്‍പ്രഭ ചാരുതയേകിയപ്പോള്‍
മനസ്സിന്റെ വാതായനങ്ങള്‍ തുറന്നു ഞാന്‍
നിന്നിലലിയാന്‍ കൊതിച്ചൊരു ഹിമകണമായി
തെളിയുന്നോരകാശ നീലിമക്കപ്പുരം
നക്ഷത്ര ദീപങ്ങള്‍ സാക്ഷി നില്‍ക്കെ
ഞാനറിയുന്നു നീയെന്റെ ജീവന്റെ താളമായ്
നിരയുകയാനെന്നിലെന്നുമെന്നു
ഒരു ഗംഗാ തീര്ധമായ് ഒഴുകുന്നു ഞാനെന്റെ
സ്വപ്നരധതിന്റെ തേരിലേറി
ഇനിയെന്റെ സൂര്യന്റെ ചൂടേറ്റു വാങ്ങുവാന്‍
പിന്നെയൊരു ചിത്ര ശലഭമായ് പറന്നുയരാന്‍