7/01/2010

അഭിരാമി

     പകല്‍സ്വപ്നങ്ങളുടെ കൂട്ടുകാരിയായിരുന്നു എന്നും അഭിരാമി. അതുകൊണ്ടു തന്നെയാവണം സംഭവിക്കുന്നതൊക്കെ സ്വപ്‌നങ്ങള്‍ തന്നെയാണെന്ന് കരുതാനവള്‍ ഇഷ്ടപ്പെടുന്നതും ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതൊക്കെ വന്നു ചേര്‍ന്നപ്പോള്‍ അതും ഒരു പകല്‍ സ്വപ്നം മാത്രം എന്നവള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞതും.
     പലപ്പോഴും ആലോചിച്ചിട്ടുണ്ട്; അവള്‍ ജീവിക്കുന്ന ഭൂമി, ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, ശരീരത്തെ നിര്‍മ്മിച്ചിരിക്കുന്ന ധാതുക്കള്‍ ഇവയൊന്നും വ്യത്യാസമല്ലാതിരുന്നിട്ടും അവള്‍ മാത്രമെന്തേ ഇത്രയേറെ പ്രതിസന്ധികളില്‍ പെട്ടുപോയതെന്ന്. തന്റെ പ്രവൃത്തികള്‍ എല്ലാം തന്നെയെന്തേ ഇത്രയേറെ നിസ്സാരവല്‍ക്കരിക്കപ്പെട്ടു പോയതെന്ന്.
    കുട്ടിക്കാലത്ത് അഭിരാമി ഒരു പൂമ്പാറ്റയെ പോലെ ആയിരുന്നു, പുരാതനമായ തറവാട്ടിലെ തൊടിയിലും പറമ്പിലും പാറിപറന്നു നടന്നിരുന്ന ചിത്രശലഭം. ദൈവതുല്യനായ മുത്തച്ഛന്റെ കൈപിടിച്ചു 'തുമ്പീ' എന്ന് നീട്ടി വിളിക്കുന്ന ചെല്ലപേരിന്റെ മാധുര്യം നുകര്‍ന്ന്, പാരമ്പര്യമായി കൈമാറിക്കിട്ടിയ വിഷചികില്സയെക്കുരിച്ചും നിലവറയില്‍ തുളുമ്പുന്ന ഭഗവതിയുടെ ചൈതന്യത്തെക്കുരിച്ചുമുള്ള കഥകള്‍ കേട്ട് വളര്‍ന്ന കുട്ടിക്കാലം. ആരെയും ചതിക്കരുതെന്നും സ്നേഹിച്ചാല്‍ നൂറിരട്ടി തിരിച്ചുകിട്ടുമെന്നും പറഞ്ഞു പഠിപ്പിച്ച മുത്തച്ചന്‍ കൊച്ചുമകള്‍ക്ക് ഗുരുതുല്യന്‍ തന്നെയായിരുന്നു. മുത്തച്ഛന്റെ കൈവിരല്‍ത്തുമ്പില്‍ നിന്നും പിടിവിട്ടുപോയ തുമ്പിയുടെ ജീവിതം പറിച്ചുനടപ്പെട്ട ഒരു ചെടിയുടെ അവസ്ഥയിലായിരുന്നു. വളര്‍ന്നു വരുന്തോറും തുമ്പിയുടെ സങ്കടങ്ങളും വലുതായിക്കൊണ്ടിരുന്നു. എത്ര സംരക്ഷിക്കപ്പെട്ടിട്ടും തന്നെ സ്നേഹിക്കാന്‍ ആരുമില്ലെന്ന ചിന്ത ആ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. അവള്‍ അഭയം തേടിയത് പറമ്പിലെ സര്‍പ്പക്കാവിലെ തണുപ്പിലും ഇരുളിലുമായിരുന്നു, വൃക്ഷതലപ്പുകളുടെ സ്വച്ചതയില്‍ അവള്‍ സുരക്ഷിതയായിരുന്നു. കാവിലെ കല്ലില്‍ തീര്‍ത്ത കറുത്ത സര്‍പ്പരൂപങ്ങളോട് കഥ പറയുന്നതവള്‍ ശീലമാക്കി. അവര്‍ അവളെ സ്വാന്തനിപ്പിക്കുന്നു എന്നവള്‍ക്ക് തോന്നിത്തുടങ്ങി.
     ഒരിക്കല്‍ അമ്മയുടെ ശാസന വന്നു, "കുട്ടിയെ, കാവിലെ കളി മതിയാക്കൂ, നീ വലിയ കുട്ടിയായിരിക്കുന്നു." ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ സര്‍പ്പങ്ങളുടെ ശാപം ഉണ്ടാകുമെന്ന് പറഞ്ഞു പേടിപ്പിച്ചു കളഞ്ഞു. പക്ഷെ അഭിരാമി അറിയുന്നുണ്ടായിരുന്നു കാവിലെ നാഗങ്ങള്‍ക്ക്‌ അവള്‍ പ്രീയപ്പെട്ടതാനെന്നും അവ തന്നെ ശപിക്കില്ല എന്നും.
     പുസ്തകത്താളില്‍ ഒളിപ്പിച്ചുവച്ച മയില്പീളിതുണ്ടുപോലെ പ്രണയത്തിന്റെ മാധുര്യവും അവള്‍ ആസ്വദിച്ചിരുന്നു. തനിക്കുവേണ്ടി മാത്രമാണ് ചിത്രശലഭങ്ങള്‍ പറക്കുന്നതെന്നും നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മുന്നതെന്നും തോന്നിത്തുടങ്ങിയ  കാലം. പൂക്കള്‍ വിടരുന്നതും നിലാവുദിക്കുന്നതും തന്റെ മനസ്സിലാനെന്നവള്‍ക്ക് തോന്നിത്തുടങ്ങിയ കാലം. വഴിവക്കിലെ കൊന്നമരച്ചുവട്ടില്‍ തന്നെയും കാത്തുനില്‍ക്കുന്ന കൂട്ടുകാരനുവേണ്ടി എത്ര ഒരുങ്ങിയാലും മതി വരാതെ കണ്ണാടിയെ പഴിചാരിയ കാലം. പ്രണയത്തിനു മാധുര്യം മാത്രമല്ല, കയ്പ്പും ഉണ്ടെന്ന തിരിച്ചറിവില്‍ കാലം കുറെ കടന്നു പോയി.....
     വിവാഹത്തോടെ അഭിരാമിയുടെ ജീവിതത്തിലെ പരീക്ഷണകാലം തുടങ്ങുകയാണ്. സര്‍വാഭരണവിഭൂഷിതയായി കൊട്ടും കുരവയും നിറദീപങ്ങളും സാക്ഷിയായി കതിര്‍മണ്ടപത്തിലിരിക്കുമ്പോള്‍ അഭിരാമി അറിഞ്ഞിരുന്നില്ല ചതിയുടെ തുടക്കമാണെന്ന്. ആദ്യമവള്‍ പകച്ചുപോയിരുന്നു. ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ അവള്‍ അറിഞ്ഞു തുടങ്ങി, ജീവിതം ഇങ്ങനെ ആവുമെന്ന്. പതിയെ പതിയെ മനസ്സില്‍ നിന്നും സ്വപ്നങ്ങളും മോഹങ്ങളുമോക്കെ മാഞ്ഞുതുടങ്ങിയിരുന്നു. ഒരു ദേശാടനപക്ഷിയായി എവിടെയൊക്കെയോ കൂടുകൂട്ടി നടന്നിരുന്ന ഇണക്കിളിയുടെ മായാജാലങ്ങള്‍ കണ്ടവള്‍ ഒരുപാട് കരഞ്ഞിരുന്നു. അതിനിടയില്‍ എപ്പോഴോ ഒരു പുണ്യം പോലെ രണ്ടു കുഞ്ഞാറ്റ കിളികള്‍ അവള്‍ക്കു സ്വന്തമായി. പിന്നെ ചിരിച്ചും കളിച്ചും മറ്റുള്ളവര്‍ക്കുവേണ്ടി നിലം തൊടാതെ പറക്കുമ്പോഴും ചിറകറ്റു നിലത്തു വീഴുമോ എന്നവള്‍ ഭയപ്പെട്ടിരുന്നു. ഒരിക്കലും സ്വതന്ത്രയായ് പറക്കാന്‍ കഴിയാത്ത വിധം അവളുടെ ചിറകുകള്‍ കൂട്ടി കെട്ടിയിരുന്നു. വിളക്കുകളുടെ ഒരു മാന്ത്രിക വലയം എന്നും അവള്‍ക്കു ചുറ്റും ഉണ്ടായിരുന്നു. സങ്കടങ്ങളുടെ വേലിയേറ്റം മനസ്സില്‍ തന്നെ തളച്ചിടാനായിരുന്നു എന്നും അഭിരാമിക്കിഷ്ടം. അത്രതന്നെ നല്ല സുഹൃത്തുക്കളൊന്നും അവള്‍ക്കു തുണയായി ഉണ്ടായിരുന്നുമില്ല.
     ക്രമേണ പകലിന്റെ വെളിപാടുകള്‍ യാദൃചികം ആണെന്നവള്‍ അറിഞ്ഞിരുന്നു. ഇന്നലെകളുടെ സൂര്യവെളിച്ചത്തില്‍ തെളിഞ്ഞു കണ്ടവ നാളെയുടെ നിഴലുകളില്‍ മാഞ്ഞു പോയേക്കാം. കണ്ണുകള്‍ക്ക്‌ തിളക്കമേരുമ്പോള്‍ നാം ചിലത് കണ്ടില്ലെന്നു നടിക്കും. ഇപ്പോള്‍ മിഴികള്‍ മങ്ങി തുടങ്ങിയിരിക്കുന്നു. നേര്‍ക്കാഴ്ചകള്‍ കൂടികൂടി വരികയാണ്. ശരിയുടേയും തെറ്റിന്റെയും നിര്‍വ്വചനങ്ങള്‍ തേടാന്‍ ഇനി കരുത്തില്ലെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു....
    പിന്നീടൊരിക്കല്‍ ദൈവത്തിന്റെ കരസ്പര്‍ശവുമായി വന്ന ഒരു സൗഹൃദത്തിന്റെ ആഴം തേടി അവള്‍  മുത്തച്ഛന്റെ കഥകളുടെ പിന്നാലെ പോയി. നൂറിരട്ടി തിരികെ പകര്‍ന്നു നല്‍കുന്ന സ്നേഹം. അത് അവള്‍ നെഞ്ചോട്‌ ചേര്‍ത്ത് വച്ചു. മനസ്സിലെന്നും കൊതിച്ചിരുന്ന സംരക്ഷണം, എല്ലാത്തിനുമുപരി സ്നേഹമായ് കൂടെയുണ്ടെന്ന ഒരു സ്വാന്തനം, അതുമാത്രം മതിയായിരുന്നു ആ പഴയ തുമ്പിക്ക്. ജീവിതം ഒരു കാഴ്ച വസ്തുവാക്കാന്‍ വേണ്ടിയല്ല; സന്തോഷവും സങ്കടവും പങ്കുവയ്കാന്‍ ഒരു സൗഹൃദം കൂടെയുന്ടെന്ന ആശ്വാസം അത്രമാത്രം..‍...
     ഇന്നും പകല്‍ സ്വപ്നങ്ങളുടെ കൂട്ടുകാരി തന്നെയാണ് അഭിരാമി. ആത്മാവില്‍ ചേര്‍ത്തുവച്ച്‌ സൗഹൃദത്തിന്റെ  നോവുന്ന സ്പര്‍ശവുമായി സ്നേഹത്തിന്റെ നിറവില്‍ ഒരു കൊച്ചു തുമ്പിയായി, ആകാശപരവയായി അഭിരാമി ഇവിടെത്തന്നെയുണ്ട്......

No comments: