6/18/2010

മഞ്ഞുതുള്ളി

ഒരു ഉത്സവകാലത്തിന്റെ മുന്നൊരുക്കത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുമായി എന്റെ മനസ്സില്‍ വന്നു നിറഞ്ഞ ഒരു മഞ്ഞു കണമാണ് നീ. എന്റെ ഹൃദയത്തിന്റെ ചൂടിനെ ഏറ്റുവാങ്ങാനെന്നപോലെ ചുട്ടു പൊള്ളുന്ന സങ്കടങ്ങള്‍ക്ക് മേലെ ഒരു നനുത്ത സ്പര്‍ശമായി അലിയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അതിനെ എന്റെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു, എന്റെ മനസ്സിന്റെ ഭിത്തികളില്‍ അത് ലയിച്ചു ചേര്‍ന്നു.....
പെയ്തു തീരാത്ത ഏതോ ഹൃദയ രാഗം പോലെ....
സ്നേഹസ്പര്ശമായിത്തീര്‍ന്നു അവള്‍.....
അവള്‍ ‍സുഖമുള്ളൊരു നൊമ്പരമായി.....
എനിക്ക് തോന്നിത്തുടങ്ങി, വേനലിന്റെ ഊഷരതയില്‍ വിണ്ടു കീറിയ മണ്ണിന്റെ മാറില്‍ പുളകമുണര്‍ത്തുന്ന മഴതുള്ളിയാണ് അവളെന്ന്.....
മഴമേഘങ്ങള്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന ചക്രവാളം നീ കാണുന്നില്ലേ, എന്നില്‍ പെയ്തൊഴിയാന്‍.....
എന്റെ ഉള്ളിലെ ഉഷ്ണത്തെ നീറ്റിയെടുത്തു അതിന്‍ മീതെ അവള്‍ ഒഴുകിത്തുടങ്ങിയപ്പോള്‍ തണുപ്പ് ഒരു വിറയലോടെ എന്റെ ശരീരത്തെ പൊതിയാന്‍ തുടങ്ങി.....
സ്നേഹത്തിന്റെ ഊഷ്മളമായ ഒരു പ്രവാഹം എന്നില്‍ നിറച്ചുകൊണ്ട് ഞാന്‍ നെഞ്ചിലേറ്റിയ മഞ്ഞുതുള്ളി, അതിജീവനത്തിന്റെ വഴികള്‍ അവള്‍ എനിക്കായി തുറന്നു തന്നു....
പ്രതീക്ഷയാണ് ജീവിതമെന്നവള്‍ പലവട്ടം പറഞ്ഞു തന്നു.....
സ്നേഹം എനിക്കവള്‍ പകര്‍ന്നു തന്നു......
അവളെന്നെ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ചു.....
ഞാന്‍ അവളോട്‌ പറഞ്ഞു, നീ എന്റെതാണ്.....
അവള്‍ അത് മൂളി കേള്‍ക്കുമായിരുന്നു.....
അവളെ കൂടെ കൂട്ടുക എന്നുള്ളതൊരു മോഹമായിരുന്നു.... അഭിനിവേശമായിരുന്നു....
പക്ഷെ.... ഇന്നുഞാനറിയുന്നു, അവള്‍ എന്റെ അടുത്തില്ലായെന്ന സത്യം..... അതൊരുപക്ഷെ വിധിയായിരുന്നിരിക്കാം.
മടുപ്പിക്കുന്ന ഏകാന്തതകളിലും ഞാന്‍ കാണുന്ന സ്വപ്നങ്ങളിലും മഞ്ഞു പെയ്യുന്ന പുലര്‍കാലയാമങ്ങളിലും ഒരു ചന്ദന സുഗന്ധമായി എന്നില്‍ നിറയുന്നു ആ മഞ്ഞുതുള്ളിയുടെ സുഗന്ധം, വശ്യത.....
സ്വപ്നങ്ങളില്‍ മഞ്ഞുതുള്ളി വീണുടഞ്ഞ എത്രയെത്ര നീലകൂവളപൂക്കള്‍ അവള്‍ക്കായ്‌ കരുതി വച്ചിട്ടുന്ടെന്നോ?
ഒരു കടലോളം സ്നേഹവും മനസ്സില്‍ കരുതി വച്ച് ഒരു പുനര്‍ജന്മത്തിനായി ഞാന്‍ കാത്തിരിക്കയാണ്....
അവളെ, എന്റെ മഞ്ഞുതുള്ളിയെ ഒന്ന് വാരി പുണരാന്‍‍.... എന്റെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാന്‍....

No comments: